തിരുവനന്തപുരം:ഗുണ്ടാബന്ധത്തിന്റെ പേരില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സന്‍, വിജിലന്‍സ് ഡിവൈഎസി എം.പ്രസാദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. . ഗുണ്ടകളുടെ സാമ്പത്തിക ഇടപാടില്‍ ഡിവൈഎസ്പിമാര്‍ ഇടനിലനിന്നുവെന്നാണ് കണ്ടെത്തല്‍.
ഗുണ്ടാ പൊലീസ് ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ അച്ചടക്കനടപടി തുടരുന്നത്. ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇന്‍സ്‌പെക്ര്‍മാരെയും ഒരു സബ്-ഇന്‍സ്‌പെക്ടറെയും സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് 2 ഡിവൈഎസ്പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജോണ്‍സണ്‍, വിജിലന്‍സിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്പി എം.പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഗുരുതരമായ ആരോപങ്ങളാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിന്‍, രജ്ഞിത്ത് എന്നിവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ മുട്ടടയിലുള്ള നിധിന്റെ വീട്ടില്‍ വച്ച് രണ്ട് ഡിവൈഎസ്പിമാരും അടുത്തിടെ സസ്‌പെഷന്‍ിലായ റെയില്‍വെ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.ജോണ്‍സന്റെ മകളുടെ ജന്‍മാദിനാഘോഷത്തിന് ഗുണ്ടകള്‍ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തലുണ്ട്. മൂന്ന് ഉദ്യോഗസ്ഥരും ഗുണ്ടകളുടെ മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തുവെന്ന ആരോപണവും നിധിന്റെ സുഹൃത്തായിരുന്ന നെടുമങ്ങാട് സ്വദേശി രാഹുല്‍ ഉന്നയിച്ചിരുന്നു. മറ്റ് രണ്ട് ഡിവൈഎസ്പിമാര്‍ കൂടി ഗുണ്ടകളുടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന ആരോപണവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സ്വത്തു സമ്പാദനം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാബന്ധമുയര്‍ന്ന ജോണ്‍സണ്‍ അവധിയില്‍ പ്രവേശിച്ചിരുന്നു, ഇതേ തുടര്‍ന്ന് ഷാരോണ്‍ കേസിന്റെ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.