തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥന്‍ രംഗത്ത്. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം.
സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥന്‍ വിവരിച്ചു.
കര്‍ണന് പോലും അസൂയ തോന്നുന്ന കെ കെ ആര്‍ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യര്‍ ഇന്നലെ പുകഴ്ത്തിയത്. കെ മുരളീധരനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം.