കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടുന്നവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കമ്മിഷന്‍ ഏജന്റ് ബിജോയ്, ഇടനിലക്കാരന്‍ പി. പി. കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മുഖ്യ സൂത്രധാരനായ കിരണില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തട്ടിപ്പിലെ പണം ഉപയോഗിച്ച് എവിടെയെല്ലാമാണ് സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇതോടെയാണ് വ്യക്തമായത്
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100 ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ 12 ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഇനിയും പിടിയിലാകാനുണ്ട്.