വയനാട് : കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമണം (mp office attack)നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി(rahul gandhi mp). ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കല്‍പറ്റയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫിസ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരം തടയുന്നതില്‍ വീഴച വരുത്തിയ ഡിവൈഎസ്പിയെ അടക്കം സസ്‌പെന്‍ഡ് ചെയ്തായിരുന്നു സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ നേതാക്കളും പെണ്‍കുട്ടികളുമടക്കം 30ലേറെ പേര്‍ അറസ്റ്റിലായി.