ഒരു വര്‍ഷത്തിനിടെ കുവൈറ്റില്‍ കുറഞ്ഞത് രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍; കൂടുതലും ഇന്ത്യക്കാര്‍


കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 1.99 ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് കുവൈറ്റിലുണ്ടായത്. അതില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നഷ്ടമായത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ്. 53,000 പേര്‍ക്കാണ് ഈ മേഖയില്‍ നിന്ന് മാത്രം തൊഴില്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയും എണ്ണ വില കുത്തനെ കുറഞ്ഞതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ വലിയ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞാല്‍ മൊത്ത, ചില്ലറ വ്യാപാര രംഗം, കാര്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ നാടുവിട്ടത്. 37,000 ജീവനക്കാരാണ് ഈ മേഖലയില്‍ നിന്ന് പുറത്തുപോയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ മേഖലയിലുണ്ടായ കുറവിന് അനുസൃതമായി പുതിയ തൊഴിലാളികള്‍ എത്താത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ രാജ്യം വിട്ടതും വലിയ പ്രശ്നമായി. അതേസമയം, വിദേശത്ത് നിന്ന് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും പാരയായി. വിദേശ രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ക്കാവട്ടെ, യാത്രാ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തേക്ക് തിരികെ വരാനാവാത്ത സ്ഥിതിയുമാണ്. പലരുടെയും വിസ വിദേശ രാജ്യങ്ങളിലായിരിക്കെ കാന്‍സലാവുകയും ചെയ്തു.

ഇതിനു പുറമെ, നിര്‍മാണ മേഖലയിലും തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 30,000ത്തിലേറെ പേരാണ് ഈ മേഖലയില്‍ നിന്ന് പുറത്തുപോയത്. വ്യാവസായ രംഗത്ത് 32,000ത്തിലേറെ പേരുടെ കുറവുണ്ടായി. അതേസമയം, ഇലക്ട്രിസിറ്റി, ഗ്യാസ്, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ ചെറിയ വര്‍ധനവുണ്ടായി. 369 പേരാണ് ഈ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത്. വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷന്‍, ധനകാര്യം, ഇന്‍ഷൂറന്‍സ്, വിദ്യാഭ്യാസം, കല, വിനോദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജീവനക്കാരുടെ കാര്യമായ കുറവുണ്ടായിട്ടില്ല.

ഈ കാലയളവില്‍ സ്വകാര്യ മേഖലയില്‍ ഒരു തൊഴിലില്‍ നിന്ന് മറ്റൊരു തൊഴിലിലേക്ക് മാറിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 107,000 പേരാണ് പുതിയ ജോലിയിലേക്ക് മാറിയത്. തൊഴില്‍ കമ്പോളത്തിലുണ്ടായ ക്ഷാമം കാരണം പലരും നല്ല തൊഴിലുകളിലേക്ക് മാറുകയായിരുന്നു. തൊഴില്‍ ക്ഷാമം മൂലമുണ്ടായ ശമ്പള വര്‍ധനവും തൊഴില്‍ മാറ്റത്തെ ത്വരിതപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ നാലു ലക്ഷത്തിലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയതായും കണക്കുകള്‍ വ്യക്തമാക്കി. നിലവില്‍ 15 ലക്ഷത്തോളം തൊഴിലാളികളാണ് സ്വകാര്യ മേഖലയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ വര്‍ഷം കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ട് വ്യക്തമാക്കി. 67,000ത്തില്‍ കൂടുതല്‍ പേരാണ് വിവിധ കാരണങ്ങളാല്‍ 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. സ്വകാര്യ മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടമായി തിരികെ പോയവരില്‍ 21,431 പേര്‍ ഇന്ത്യക്കാരും 11,135 പേര്‍ ഈജിപ്തുകാരും 6,136 പേര്‍ ബംഗ്ലാദേശ്കാരുമാണ്. ഈ കാലയളവില്‍ ഗാര്‍ഹികത്തൊഴിലാളികളായ 17,000ത്തിലേറെ പേര്‍ കുവൈറ്റ് വിട്ടപ്പോള്‍ അതില്‍ 10,000ത്തിലേറെ പേരും ഇന്ത്യക്കാരാണ്.

അതിനിടെ, കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയില്‍ കുവൈറ്റിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റുന്നതിനുള്ള നിബന്ധനകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തുവിട്ടു. തൊഴിലുടമ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള എന്‍ട്രി വിസ ഇ-ഫോംസ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിസയുടെ കോപ്പിയും അറ്റസ്റ്റ് ചെയ്ത പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അറ്റാച്ച് ചെയ്യുകയും വേണം. ബാക്കി നടപടിക്രമങ്ങള്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കമേഴ്സ്യല്‍ വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈറ്റില്‍ തന്നെ ഉണ്ടെങ്കിലാണ് ഈ സൗകര്യമുള്ളത്. ഇതിന് കൊറോണ എമര്‍ജന്‍സികള്‍ക്കായുള്ള മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ അനുമതി വേണം. രാജ്യത്തെ തൊഴില്‍ കമ്പോളത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള വഴിയെന്ന രീതിയിലാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് വച്ചു തന്നെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുമതി നല്‍കിയത്. ഏതെങ്കിലും രീതിയിലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈറ്റിലെത്തുന്നവര്‍ക്ക് ബന്ധപ്പെട്ട കുവൈറ്റ് എംബസികളില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ ലഭിക്കുന്നതാണ് കൊമേഴ്ഷ്യല്‍ വിസിറ്റ് വിസ.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media