ലഖിംപുര്‍ കേസ്; വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം, സുപ്രീംകോടതി ഉത്തരവിറക്കി
ദില്ലി: ലഖിംപൂര്‍ ഖേരി കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിനെയാണ് അന്വേഷണ മേല്‍നോട്ടത്തിന് സുപ്രീംകോടതി നിയമിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുപി സര്‍ക്കാരിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടിയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സുപ്രീംകോടതി നേരിട്ട് ഉള്‍പ്പെടുത്തി. ഉത്തര്‍പ്രദേശുകാരല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരായ സിരോദ്കര്‍, ദീപീന്ദര്‍ സിംഗ്, പത്മ ചൗഹാന്‍ എന്നിവരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കേസിലെ കുറ്റപത്രം നല്‍കിയ ശേഷമായിരിക്കും ഇനി കേസ് സുപ്രീംകോടതി പരിഗണിക്കുക.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
ഈ കേസുകളിലെ അന്വേഷണമാണ് സുപ്രീംകോടതി റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. സുപ്രീംകോടതി തീരുമാനത്തെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തു.