ഇന്ധന വിലവര്‍ധന, കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ; മന്ത്രി കെഎന്‍ ബാലഗോപാല്‍
ആറ് വര്‍ഷമായി കേരളം പെട്രോളിയം നികുതി കൂട്ടിയിട്ടില്ലെന്നും , 1560 കോടിയുടെ നഷ്ടം ഈ ഇനത്തില്‍ ഉണ്ടായതായും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ . ഉമ്മന്‍ചാണ്ടി 13 തവണ നിരക്ക് വര്‍ദ്ധിപ്പിച്ചു ,കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇപ്പോഴും നികുതി കുറച്ചിട്ടില്ലെന്നും ബാലഗോപാല്‍ സഭയില്‍ വ്യക്തമാക്കി.
പ്രതിപക്ഷ എം എല്‍ എ മാര്‍ രാവിലെ സൈക്കിളില്‍ സഭയില്‍ വന്ന് ഇറങ്ങിയേതോടെ ഇന്നത്തെ സമീപനം എന്തായിരിക്കുമെന്നത് ഉറപ്പായിരുന്നു. കേരളം നികുതി വര്‍ദ്ധിപ്പിച്ചില്ല എന്ന് മാത്രമല്ല രണ്ട് തവണയായി കുറച്ചു എന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
1560 കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്തിന് നഷ്ടം, എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് നികുതി വര്‍ദ്ധിപ്പിച്ചതെന്ന് കെ.എന്‍ ബാലഗോപാല്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും , ഛത്തീസ്ഘട്ടിലും നികുതി കുറക്കാത്ത കോണ്‍ഗ്രസ് കേരളത്തില്‍ മാത്രം കുറയ്ക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്തെന്നും ബാലഗോപാല്‍ ചോദിച്ചു . കുറച്ചതിനെ കുറച്ചു എന്ന് അംഗീകരിക്കാന്‍ മടിയെന്തെന്നും ധനമന്ത്രി സഭയില്‍ ചോദ്യം ഉയര്‍ത്തി.
രാജ്യത്ത ജനങ്ങളെ ഉലക്ക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം മുറം കൊണ്ട് വീശുന്ന സമീപനം ആണ് കേന്ദ്ര സര്‍ക്കാരിനെന്ന് കെ. ബാബു കുറ്റപ്പെടുത്തി. കേരളത്തില്‍ നികുതി ഭീകരതയാണ് നിലനില്‍ക്കുന്നതെന്ന് കെ ബാബു കുറ്റപ്പെടുത്തി. ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയില്ലെന്നും ,പാചക വാതകം ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും നികുതി കുറഞ്ഞില്ലെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി .
ബിജെപി ആസൂത്രിതമായി സമരം സംഘടിപ്പിക്കുന്നു. ആ ട്രാപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് വീഴരുത് എന്ന് ധനമന്ത്രി മുന്നറിപ്പ് നല്‍കി. പ്രതീകാത്മക സമരങ്ങളെ ആക്ഷേപിക്കുന്ന ധനമന്ത്രിയുടെ നയം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മറുപടിയില്‍ തൃപ്തരാകാതെ കേരളത്തില്‍ നികുതി ഭീകരത എന്ന് ആരോപിച്ച് സഭയുടെ നടത്തളത്തിലിറങ്ങി പ്രതിപക്ഷം തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ചു.