മലപ്പുറത്തേയോ മതവിഭാഗത്തേയോ വിമര്‍ശിച്ചിട്ടില്ല; പറഞ്ഞത് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തിന്റെ കണക്ക്: പിണറായി
 


കോഴിക്കോട്:ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്.വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്നാണ്. അത് വസ്തുതയാണ്. കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്.

അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയന്‍ ചോദിച്ചു.  എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കാണ് പറഞ്ഞത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സയണിസ്റ്റുകളുടെ കൂടെ ആണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.രാജ്യത്തിന്റെ പഴയ നിലപാടില്‍ വെള്ളം ചേര്‍ത്തു. ഇത് അമേരിക്കയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.ഞങ്ങള്‍ ഇത് പറയുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കല്‍ അല്ല അത്. സിയോണിസ്റ്റുകളുടെ ഇരട്ട സഹോദരന്‍മാര്‍ ആണ് ആര്‍എസ്എസും പിണറായി വിജയന്‍ ആരോപിച്ചു.
'
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. പൊലീസ് നടപടികള്‍ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഇതിന്റെ താല്‍പ്പര്യം എന്തെന്ന് ശ്രദ്ധിച്ചാല്‍ വ്യക്തമാണ്.  സിപിഎമ്മിന് അതിന്റേതായ സംഘടന രീതിയുണ്ട്. വഴിയില്‍ നിന്ന് വിളിച്ചു പോവിയാലോ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാലോ സിപിഎം ആ വഴിക്ക് പോകാറില്ല. ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴിക്ക് പോകാം. വര്‍ഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാന്‍ ആണോ ശ്രമം അവര്‍ തന്നെ ആദ്യം തള്ളി പറയും/ മലപ്പുറത്തെ മതനിരപേക്ഷ മനസ് ശക്തമാണ്. വര്‍ഗീയ ശക്തികളുടെ പിന്തുണയുണ്ട് എന്നതുകൊണ്ട് നാക്ക് വാടകയ്ക്ക് എടുത്ത് എന്തും വിളിച്ച് പറയുന്നവരുടെത് വ്യാമോഹം മാത്രമാണ്.ഒരു വര്‍ഗീയ ശക്തിയോടും ഞങ്ങള്‍ക്ക് വിട്ടു വീഴ്ച ഇല്ല.

തൃശൂരിലെ ബിജെപി വിജയം ഗൗരവമുള്ളതാണ്. എന്നാല്‍ അവിടത്തെ കോണ്‍ഗ്രസ് വോട്ട് കാര്യമായി കുറഞ്ഞു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയല്ല സര്‍ക്കാര്‍ ചെയ്തത്.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തില്‍ എടുത്തിരുന്നു. പരിശോധിക്കാന്‍ ഡിജിപിക്ക് കീഴില്‍ ഉള്ള ടീമിനെ നിയോഗിച്ചു.  ആ റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിന്റെതായ നടപടികള്‍ ഉണ്ടാകും. ഇപ്പോള്‍ പിവി അന്‍വര്‍ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെ. അതിനു പിന്നിലെ താല്‍പര്യത്തെക്കുറിച്ച് താനിപ്പോള്‍ പറയുന്നില്ല.വര്‍ഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നാടും രാജ്യവും ലോകവും പ്രത്യേക ഘട്ടത്തിലുടെ കടന്ന് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് മുന്നില്‍ നിന്നത് സിപിഎം ആയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ പ്രതികരിക്കില്ല എന്നതായിരുന്നു ചിലരുടെ നിലപാട്.  

ലോകത്ത് എന്ത് സംഭവിക്കും എന്ന് ആശങ്ക ഉണ്ടാകുന്നുണ്ട്. നേരത്തെ കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ അനുസ്മരണം ഓര്‍ക്കുന്നു. സിപിഎം ആണ് ആദ്യം പരിപാടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ ചിലര്‍ സിപിഎം എന്തോ അരുതാത്തത് ചെയ്തു എന്ന പ്രചാരണം ഒരു വിഭാഗം അഴിച്ചു വിട്ടു. പ്രത്യേകം ആളുകളെ പ്രീണിപ്പിക്കാന്‍ ആണ് ഇത്തരം നടപടി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് പ്രത്യേകം ഉദ്ദേശം ഉണ്ടാകും.

പ്രചാരണത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ തയ്യാറായ കൂട്ടര്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം ആണ് പാലിച്ചത്. ആ തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തിലും പ്രതികരിക്കേണ്ട  എന്നും തീരുമാനിച്ചു. പലസ്തീന്‍ വിഷയം പുതിയ വിഷയം അല്ല. നമ്മുടെ രാജ്യം എക്കാലവും പലസ്തീനൊപ്പം ആണ് നിന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media