ദുബൈ: ദുബൈ വിമാനത്താവളത്തില്‍ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ മാത്രം എത്തിയാല്‍ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എത്തിയാല്‍ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടര്‍ന്ന് താളം തെറ്റിയ ദുബൈ എയര്‍പോര്‍ട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ ഊര്‍ജ്ജിത യത്‌നം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്‌മെന്റില്‍ കയറിയ
വെള്ളാണ് വലിയ വെല്ലുവിളി.
ഇവിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തിലാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും നിരവധിയാണ്. റോഡ്, മെട്രോ സര്‍വ്വീസുകള്‍ ഇന്ന് കൂടുതല്‍ സാധാരണ നിലയിലാകും. ഭക്ഷണവും മരുന്നും ഉള്‍പ്പടെ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്.