ഒമിക്രോണ്‍ വ്യാപനം: രാത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്, സ്‌കൂളുകള്‍ അടച്ചു
ചെന്നൈ: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്. നാളെ മുതല്‍ തമിഴ്‌നാട്ടില്‍ രാത്രി ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. രാത്രി 10 മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുക. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്. നേരത്തെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളാണ് ഒമിക്രോണ്‍ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ആരോ?ഗ്യവകുപ്പ് പുതുക്കി നിശ്ചയിച്ചത്.
സ്‌കൂളുകള്‍ തത്കാലത്തേക്ക് അടക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം ആയിരിക്കും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലും 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും ഒരേസമയം പ്രവേശനത്തിന് അനുമതി. സംസ്ഥാനത്തെ സ്വകാര്യ ഐടി കമ്പനികളോട് വര്‍ക് ഫ്രം ഹോം തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നല്‍കി കടത്തിവിടുകയാണ് ചെയ്യുന്നത്.
സാമൂഹിക അകലം ഉറപ്പാക്കാന്‍ നിയമസഭയ്ക്ക് പുറത്തുള്ള കലൈവാണര്‍ അരംഗം ഓഡിറ്റോറിയത്തിലാണ് ഇന്ന് തമിഴ്‌നാട് നിയമസഭ ചേര്‍ന്നത്. രണ്ട് ഡോസ് വാക്‌സീനും എടുത്തവര്‍ക്ക് മാത്രമാണ് സഭയ്ക്കുള്ളില്‍ പ്രവേശനം അനുവദിച്ചത്. ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 1728 കൊവിഡ് കേസുകളില്‍ 876ഉം ചെന്നൈയില്‍ നിന്നാണ്. ചെന്നൈ നഗരത്തില്‍ കൂടുതല്‍ ആശുപത്രി ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിക്കാത്ത അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ചെന്നൈ നഗരത്തില്‍ മാത്രമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗമാകാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇന്നുരാവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ മാസ്‌ക് വിതരണം ചെയ്യുന്നതുള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി നേരിട്ട് തെരുവിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.