നിതീഷ് എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തം; ബിജെപിയുമായി ചര്‍ച്ചയിലെന്നും സൂചന
 


ദില്ലി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ ഡി എ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. നിതീഷ് കുമാറും ജെ ഡി യുവും ബി ജെ പി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. ഈ ആഴ്ച നിര്‍ണായകമാണെന്നും എന്‍ഡിഎ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു വൃത്തങ്ങള്‍ പറയുന്നത്. ബിഹാര്‍ ബി ജെ പി  സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കള്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് ജെ ഡി യുവിന്റെ മടങ്ങിവരവിന്റെ ഭാഗമായാണെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
'ഇന്ത്യ' മുന്നണിയുമായി അടുത്തിടെ അകല്‍ച്ച പ്രകടിപ്പിക്കുകയായിരുന്നു നിതീഷ്. അതുകൊണ്ടുതന്നെ നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വര്‍ഷങ്ങളോളം എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ശേഷം ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.


 

Recent Updates

0 Comments

Leave a reply

Social Media