രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു
ഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് പുനസ്ഥാപിച്ചത്. ലോക്ക് ചെയ്ത് ഏഴ് ദിവസമാകുമ്പോഴാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നത്. ദില്ലിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്റെ ഐഡി ബ്ലോക്ക് ചെയ്യാന്‍ ഇടയാക്കിയത്. രാഹുലിന്റെ ട്വീറ്റ് പങ്കുവച്ച അക്കൗണ്ടുകളും നടപടിക്കിരയായിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളും തിരിച്ചു വന്നിട്ടുണ്ട്.
ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റര്‍ പ്രതികരണം. ട്വിറ്റര്‍ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്നലെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്വിറ്റര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടുന്നുവെന്ന് വരെ രാഹുല്‍ പറയുകയുണ്ടായി.
ഡെല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ബാലിക കൊല്ലപ്പെടുകയും മൃതദേഹം അക്രമികള്‍ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ബാലികയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധി ആ ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചതാണ് നടപടിക്ക് കാരണമായത്.