ലക്‌നൗ: മകന്റെ വളര്‍ത്തുനായയുടെ കടിയേറ്റ് റിട്ടയേര്‍ഡ് അദ്ധ്യാപിക മരണമടഞ്ഞു. ലക്‌നൗവിലെ കൈസര്‍ബാഗില്‍ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. സുശീല ത്രിപതി (82) ആണ് മരിച്ചത്.
സുശീലയുടെ മകനും ജിമ്മില്‍ പരിശീലകനുമായ അമിതിന് രണ്ട് വളര്‍ത്തുനായകളാണുള്ളത്. ഒരു പിറ്റ്ബുളും ഒരു ലാബ്രഡോറും. ഇതില്‍ ബ്രൗണി എന്ന് വിളിപ്പേരുള്ള പിറ്റ്ബുളിനെ മൂന്ന് വര്‍ഷം മുന്‍പാണ് വീട്ടിലെത്തിച്ചത്.
സംഭവം നടക്കുന്ന സമയം സുശീല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറ് മണിയോടെ നായയുടെ കുരയും സുശീലയുടെ കരച്ചിലും കേട്ടതായി അയല്‍ക്കാര്‍ പറയുന്നു. എന്നാല്‍ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ അയല്‍ക്കാര്‍ക്ക് അകത്ത് കയറാന്‍ സാധിച്ചില്ല. പിന്നാലെ മകന്‍ എത്തിയപ്പോള്‍ സുശീലയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു.
തുടര്‍ന്ന് സുശീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുശീലയുടെ മൃതദേഹത്തില്‍ കഴുത്ത് മുതല്‍ വയറുവരെ പന്ത്രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്.