കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയില്‍ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.
സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും. തുടര്‍ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.