നൈനിറ്റാള്‍: ജില്ലയിലെ ഹല്‍ദ്വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമങ്ങളില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബന്‍ഭൂല്‍പുരയില്‍ 'അനധികൃതമായി നിര്‍മ്മിച്ച' മദ്രസ തകര്‍ത്തതിന്റെ പേരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം പടര്‍ന്നതോടെ ജില്ലാ മജിസ്ട്രേറ്റ് ബന്‍ഭൂല്‍പുരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.സ്‌കൂളുകള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണെന്നും മജിസ്‌ട്രേറ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചു എന്നാരോപിച്ചാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മദ്രസ കെട്ടിടം തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഹല്‍ദ്വാനിയില്‍ സംഘര്‍ഷമുണ്ടായത്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചിരുന്നതായും സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസയ്ക്കെതിരെ നേരത്തെ നോട്ടീസ് നല്‍കി മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപ്പല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ് പറഞ്ഞു. ര്‍ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊളിച്ച മദ്രസയ്‌ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നല്‍കിയിട്ടില്ലെന്ന് പ്രദേശത്തെ കൗണ്‍സിലറും വാദമുയര്‍ത്തി. ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന് പുറത്ത് നടന്ന അക്രമത്തില്‍ ചിലര്‍ വെടിയുതിര്‍ത്തതായി നൈനിറ്റാള്‍ ജില്ലാ മജിസ്ട്രേറ്റ് വന്ദന പറഞ്ഞു. മറുപടിയായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പിലാണോ, അതോ അവരിലെ ആളുകളുടെ വെടിവെപ്പില്‍ ആണോ അവര്‍ മരിച്ചത് എന്നറിയാന്‍ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു.
കലാപകാരികള്‍ ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് കത്തിക്കാന്‍ ശ്രമിച്ചു. ആ സമയത്ത്, പൊലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, പൊലീസ് സേന അവരെ നിയന്ത്രിച്ചു. സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. അക്രമം ബന്‍ഭൂല്‍പുരയ്ക്ക് സമീപമുള്ള ഗാന്ധി നഗര്‍ പ്രദേശത്തേക്ക് വ്യാപിച്ചതായും അവര്‍ പറഞ്ഞു. അതേസമയം, അക്രമം നടന്ന പ്രദേശം സംസ്ഥാന ചീഫ് സെക്രട്ടറി ഇന്ന് സന്ദര്‍ശിക്കും. ജനക്കൂട്ടം ഇന്നലെ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതായി ഡിജിപി അഭിനവ് കുമാര്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. അക്രമത്തിലെ മരണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നാണ് ഡിജിപി അറിയിച്ചത്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.