സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; കടകള്‍ രാത്രി 9വരെ, സമ്പൂര്‍ണ്ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗണ്‍ രീതി മാറ്റി ആയിരത്തില്‍ എത്ര പേര്‍ക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ഈ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.
അതേസമയം, ആള്‍ക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ.
കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഡ്രൈവ് ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു മാസം ഒരു കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ആണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൃത്യമായി ഡോസുകള്‍ ലഭിച്ചാല്‍ ഇത് നല്‍കാനാകും
ഇതിനായി മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇത് വരെ ടിപിആര്‍ അടിസ്ഥാനപ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ചാണ് ഇത് വരെ ലോക്ക്ഡൗണ്‍ നടപ്പാക്കി വന്നിരുന്നത്. അത് മാറ്റി, 1000-ത്തില്‍ എത്ര പേര്‍ക്ക് കൊവിഡ് രോഗം വന്നെന്ന കണക്ക് പരിശോധിച്ച് നിയന്ത്രണങ്ങള്‍ മാറ്റി ക്രമീകരിക്കുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഒരു നിയന്ത്രണമോഡലാണ് മാറുന്നത്.
സംസ്ഥാനത്ത് മരണനിരക്ക് .5 ആണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ശരാശരി 1.3 ശതമാനമാണ്. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ഏഴ് ലക്ഷത്തോളമാണ്. ഇന്ത്യയില്‍ ഇത് മൂന്ന് ലക്ഷത്തോളം മാത്രമാണ്. സംസ്ഥാനത്ത് ടിപിആര്‍ 12 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് ആറ് ശതമാനത്തോളമാണ്. കൊവിഡ് രണ്ടാം തരംഗം കേരളത്തിലെത്തിയത് വൈകി മാത്രമാണെന്നും രോഗികളുടെ എണ്ണം കൂടിത്തന്നെ നില്‍ക്കുന്നത് ഈ കാരണം കൊണ്ടാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.