തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തില്‍ തനിക്ക് ബന്ധമില്ലന്ന് പറഞ്ഞതില്‍ സന്തോഷമെന്ന് കെടി ജലീല്‍. ഖുറാന്റെയും കാരക്കയുടെയും മറവില്‍ സ്വര്‍ണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്താണെന്ന് പറഞ്ഞതില്‍ സന്തോഷം. താനും സ്വപ്നയുമായി നടത്തിയിട്ടുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ ഒരു വലിയ സ്‌ക്രീനില്‍ തന്നെ കാണിച്ചതാണ്. യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും താന്‍ അയച്ചിട്ടില്ല. തന്റെ മെയില്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
കൊവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചര്‍ തയ്യാറാക്കിയിരുന്നു. പത്രത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഗള്‍ഫില്‍ നിരവധി പേര്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാന്‍ ഒരു വാട്‌സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പിഎക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവിതത്തില്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവല്‍ ഏജന്‍സി നടത്തിയതൊഴിച്ചാല്‍ മറ്റൊരു ബിസിനസിലും ഇന്നുവരെ താന്‍ പങ്കാളിയായിട്ടില്ല. ഗള്‍ഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ല.
ഇഡി എന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം അയച്ചിട്ടില്ല. എന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും പണം ആരും അയച്ചിട്ടില്ല. ഒരു ബിസിനസ് ബന്ധവുമില്ല, പിന്നല്ലേ കോണ്‍സുല്‍ ജനറലുമായി ബന്ധമില്ല. അവരൊക്കെ എല്ലാവരെയും ഒരേ തുലാസിലിട്ട് തൂക്കുകയാണ്. എന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണ്. 2200 സ്‌ക്വയര്‍ ഫീറ്റ് വീടാണ് ഉള്ളത്. കാനറ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പത്ത് ലക്ഷം രൂപയ്ക്ക് അന്നാ വീട് വെച്ചത്. 2004 ലായിരുന്നു താമസം തുടങ്ങിയത്. ഇത്ര വലിയ ബിസിനസുള്ളയാളുകളുടെ ബന്ധുക്കളുടെയോ മക്കളുടെയോ ജീവിതം കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാവുമല്ലോ.