രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു.
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു. നവംബറില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 4.91 ശതമാനമാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബറിലിത് 4.48 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച്ച പുറത്തുവിട്ടത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.
6 ശതമാനത്തിന് താഴെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 2026 മാര്‍ച്ച വരെ 2 ശതമാനം വീതം അപ്പര്‍, ലോവര്‍ മാര്‍ജിനുകള്‍ കരുതി 4 ശതമാനത്തില്‍ ചില്ലറ പണപ്പെരുപ്പം നിയന്ത്രിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്നത്. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണത്തില്‍ ഉപഭോക്തൃ വില സൂചികയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഈ മാസം ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി വായ്പാ നയം മാറ്റിയിരുന്നില്ല. റീപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരുകയാണ്. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഉപഭോക്തൃ വില സൂചിക ആധാരമാക്കി 5.3 ശതമാനം പണപ്പെരുപ്പമാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. രണ്ടാം പാദത്തില്‍ 5.1 ശതമാനവും മൂന്നാം പാദത്തില്‍ 4.5 ശതമാനവും നാലാം പാദത്തില്‍ 5.8 ശതമാനവും വീതം ചില്ലറ പണപ്പെരുപ്പം കേന്ദ്ര ബാങ്ക് കണക്കുകൂട്ടുന്നു. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദം ചില്ലറ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം.