ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പോസ്റ്ററുകളിറക്കിയ സംഭവത്തില്‍ നാലുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്.
ഇന്നലെയാണ് രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. ഇതില്‍ രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍ പൊലീസ് പിടിച്ചെടുത്തു. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. പോസ്റ്ററുകള്‍ എഎപി ആസ്ഥാനത്ത് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. 50,000 പോസ്റ്ററുകള്‍ അച്ചടിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചതായി അറസ്റ്റിലായ പ്രിന്റിങ് പ്രസ് ഉടമകള്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ആംആദ്മി പാര്‍ട്ടി ഇതുവരേയും തയ്യാറായിട്ടില്ല.