ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എന്‍ സി ബി റെയ്ഡിനായി എത്തിയത്. ഷാരൂഖിന്റെ വീടിനു പുറമേ ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി റെയ്ഡിനായി എത്തി. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യലിനായി എന്‍ സി ബിയുടെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ലഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണുന്നതിന് ഷാരൂഖ് ഖാന്‍ ഇന്ന് രാവിലെ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. ആര്യന്‍ ഖാന്റെ അറസ്റ്റിനു ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഇതിനു പിന്നാലെയാണ് എന്‍ സി ബി റെയ്ഡ്.
കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക എന്‍ ഡി പി എസ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ ധമേച്ച, അര്‍ബാസ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.