കുവൈത്ത്: അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയില്‍ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയില്‍ ടാങ്കറില്‍ വന്‍ സ്‌ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്. ടാങ്കറില്‍ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അതേസമയം കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്ഫോടന ശബ്ദം കേള്‍ക്കുകയും, തൊട്ടു പിന്നാലെ ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തില്‍ പോകുന്നത് കാണുകയും ചെയ്തുവെന്ന് ടാങ്കറിലെ മാസ്റ്റര്‍ അറിയിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അല്‍ കബീര്‍ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ (37 മൈല്‍) അകലെയാണ് സ്ഫോടനം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സ്ഫോടനത്തെത്തുടര്‍ന്ന് ഒരു കാര്‍ഗോ ടാങ്കില്‍ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി.