തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി. ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാര്‍ജ് ഈടാക്കണം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ടിക്കറ്റ് നല്‍കണം. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണം.
അതേ സമയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന. സര്‍ക്കാര്‍ ഗ്യാറന്റിയില്‍ കെഎസ്ആര്‍ടിസിക്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കും. ഈ പണം മാസം ആദ്യം കെഎസ്ആര്‍ടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെ സര്‍ക്കാര്‍ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.
പണം മാസവസാനം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കെഎസ്ആര്‍ടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ലോഗോ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴല്‍ ചിത്രം ഉള്‍പ്പെടെയുള്ള ലോഗോ ആണ് തയ്യാറാകുന്നത്. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചില്ല. ഡിസൈന്‍ തയാറാക്കാന്‍ സി ഡിറ്റിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാകും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളില്‍ പതിക്കും. 3125 ബസുകളിലാണ് സ്ത്രീകള്‍ക്ക് ഈ സൗജന്യം ലഭിക്കുക.