തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തി. സന്ദര്‍ശക രജിസ്റ്റര്‍ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു. എഡിജിപി ഓഫീസില്‍ വച്ച് കേസ് രേഖകള്‍ തിരുത്തിയെന്ന് മുന്‍ അന്വേഷണ സംഘം മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസില്‍ പരിശോധിച്ചത്. ഒരു അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്.
അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ പ്രതികളുടെ വിശദീകരണം തേടി ഹൈക്കോടതി. ഈമാസം 27 നകം മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പിണറായി വിജയന്റെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂര്‍, സന്ദീപ് അടക്കമുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാണ് എസ്‌ഐടി ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ലാത്തിയടക്കം കണ്ടെത്തിയെന്ന് നിരീക്ഷിച്ചാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയെന്ന നിരീക്ഷണം തെറ്റാണെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്‌ഐടി വാദം.