നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; വീട്ടില്‍ മരപ്പണിക്കെത്തിയ ആള്‍ കസ്റ്റഡിയില്‍, നടന്റെ ആരോഗ്യനിലയില്‍ പുരോഗതി
 



മുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതി. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, നടനെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണ് പിടികൂടിയത്. ആക്രമണം നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് തന്റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്ന് തന്നെ മരപ്പണ തുടങ്ങിയെന്നും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

ഇതോടെ കേസില്‍ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടന്‍ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തില്‍ ഒരാളെ മുബൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20  പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ രണ്ടു പേര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തിലും കുറ്റകൃത്യം നടത്തിയതെങ്ങനെ എന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. രണ്ടു പേര്‍ കസ്റ്റഡിയിലായെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്.

സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്.കഴുത്തിലുള്‍പ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നടനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയത്. ആക്രമിക്കപ്പെട്ട് ചോര വാര്‍ന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. സെയ്ഫ് അലി ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂര്‍, അഞ്ച് സഹായികള്‍ എന്നിവരാണ്  വീട്ടിലുണ്ടായിരുന്നത്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media