നോക്കുകൂലി പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്
 അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം


തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 

നോക്കുകൂലിയുടെ പേരില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു.  വെറുതെ നോക്കി നില്‍ക്കുന്നവര്‍ക്ക് കൂലി നല്‍കുന്നത് കേരളത്തിലല്ലാതെ ലോകത്ത് എവിടെയും കാണാന്‍ കഴിയില്ലെന്ന് നോക്കുകൂലിക്കെതിരായ ഹര്‍ജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. 

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ പണാപഹരണം അടക്കമുള്ള കുറ്റം ചുമത്തി കേസ് എടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നോക്കുകൂലിയ്ക്കായി ട്രേഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലി തടയാന്‍ നിയമ ഭേദഗതി ആലോചിക്കുന്നതായും പോലീസ് നടപടികള്‍ക്കൊപ്പം വന്‍ പിഴ ഈടാക്കുന്നതിനും വ്യവസ്ഥ ഉണ്ടാക്കുമെന്നും  സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിയമഭേദഗതിയുടെ വിശദാംശം അറിയിക്കാന്‍  നിര്‍ദ്ദേശിച്ച കോടതി കേസ് ഡിസംബര്‍ 8 ന് പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നോക്കുകൂലിയില്‍ നടപടി കടുപ്പിക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്. അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമഭേദഗതിയെക്കുറിച്ചും ഡിജിപിയുടെ സര്‍ക്കുലറിനെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media