മുംബൈ: റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ റിസര്‍വ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ആര്ബിഐക്ക് ലഭിച്ച ഇമെയില്‍. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യന്‍ ഭാഷയില്‍ എഴുതിയ സന്ദേശത്തില്‍ 'നിങ്ങള്‍ താമസിയാതെ പൊട്ടിത്തെറിക്കും' എന്ന് എഴുതിയിരുന്നു.
ഭീഷണി സന്ദേശം ലഭിച്ചപ്പോള്‍ തന്നെ മുംബൈ പോലീസ് കേസ് ഫയല്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയില്‍ അയയ്ക്കാന്‍ വിപിഎന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയില്‍ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആറ് വര്‍ഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീഷണി ഇമെയില്‍ വന്നത്. റിസര്‍വ് ബാങ്കിന്റെ 26-ാമത് ഗവര്‍ണറാണ് സഞ്ജയ് മല്‍ഹോത്ര. രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മല്‍ഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ് ആര്‍ബിഐയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആര്‍ബിഐ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ തലവന്‍ എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്നാണ് ഫോണ്‍ കോള്‍ എത്തിയത്. 'ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ആര്‍ബിഐ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറില്‍ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ചെയ്തു. സംഭവം ഉടന്‍ തന്നെ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ മുംബൈ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.എന്നാല്‍, അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല