പുല്‍വാമയില്‍ സൈന്യം ഭീകരനെ വധിച്ചു; നാല്
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം, ഏറ്റുമുട്ടല്‍ തുടരുന്നു
ദില്ലി: പുല്‍വാമയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്‌ഷേ മുഹമ്മദിന്റെ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അതേസമയം ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു ഇന്നലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിശീലനത്തിന് ശേഷം ബസില്‍ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാല്‍ പെട്ടെന്ന് പ്രതിരോധിക്കാന്‍ പൊലീസ് സംഘത്തിന് സാധിച്ചില്ല.
പരിക്കേറ്റ 13 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ ഒളിച്ച പ്രദേശത്തെ കുറിച്ചുള്ള സൂചനകള്‍ കിട്ടിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ലോക്ഡൗണുകള്‍ നേരിട്ട ശേഷം കശ്മീരില്‍ വിനോദ സഞ്ചാര മേഖലയടക്കം സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത്.