ഒമിക്രോണ്‍, വിമാനത്താവളങ്ങളിലെ സ്ഥിതി വിലയിരുത്തും സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
ദില്ലി: യുഎഇ അടക്കമുള്ള കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രതയില്‍. രാജ്യത്തും വൈറസ് സാന്നിധ്യമുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും വിമാനത്താവളങ്ങളിലെ പരിശോധനയും കേന്ദ്ര മന്ത്രി വിലയിരുത്തും. സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഗള്‍ഫ് നാടുകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് പ്രവാസികളെയും ആശങ്കയിലാക്കുകയാണ്.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ് നിലവിലെ നിര്‍ദ്ദേശം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെ, ഒമിക്രോണ്‍ ആശങ്കയ്ക്കിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇന്ന് ദില്ലി സന്ദര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി സന്ദര്‍ശനമെന്ന് കന്നട സര്‍ക്കാര്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാംപിള്‍ പരിശോധന ഫലവും മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. പരിശോധന ഫലം വരാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്നും പ്രഖ്യാപനം ദില്ലിയില്‍ നിന്ന് നടത്തുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.