ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക, 'ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം' നടക്കുന്നു
 


കല്‍പ്പറ്റ: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോള്‍ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നാമ നിര്‍ദേശ പത്രിക നല്‍കിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട്ടിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പ്രസംഗം.

മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടില്ല. വയനാട്ടിലെ ജനങ്ങള്‍ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു. 

മണിപ്പൂരില്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങള്‍ക്ക് വേണ്ടിയല്ല. കര്‍ഷകരോട് അനുതാപം ഇല്ലാത്ത സര്‍ക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നര്‍ക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതല്‍ സൗകര്യം വയനാട്ടില്‍ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ആദിവാസികള്‍ക്ക് ആരോഗ്യം മെച്ചപ്പെടാന്‍ സൗകര്യം വേണം. വയനാട്ടിനു മെഡിക്കല്‍ കോളേജ് വേണം എന്നത് എനിക്കറിയാം, പലരും പറഞ്ഞു. എന്റെ സഹോദരന്‍ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. മനുഷ്യ മൃഗ സംഘര്‍ഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങള്‍ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എല്ലാം ഞാന്‍ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയില്‍ എനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

എല്ലാവരും കുറ്റം പറഞ്ഞപ്പോള്‍ വയനാട് രാഹുലിനെ ചേര്‍ത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുല്‍ കാണുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയം ഉണ്ടെങ്കില്‍ അത് ഇപ്പോഴാണ്. വയനാട്ടില്‍ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങള്‍ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ജയിപ്പിച്ചാല്‍ ഞാന്‍ സാധ്യമായ അത്രയും പ്രയത്‌നിക്കും. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമായി ഞാന്‍ മാറും. എന്നെ വിശ്വസിക്കാം കൈ വിടില്ലെന്നും പ്രിയങ്ക പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media