യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗരാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തി സുപ്രധാന നടപടി കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. യുഎന്‍ പൊതുസഭയുടെ ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്നു നടക്കുന്നത്. റഷ്യ-യുക്രൈന്‍ വിഷയം യുഎന്‍ പൊതുസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാന്‍ യുഎന്‍ രക്ഷാ സമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തു. നടപടിക്രമപരമായ വോട്ടായതിനാല്‍ റഷ്യക്ക് വീറ്റോ ബാധകമായിരുന്നില്ല.
ബെലറുസ് അതിര്‍ത്തിയില്‍ റഷ്യ-യുക്രൈന്‍ പ്രതിനിധികളുടെ സമാധാന ചര്‍ച്ചയും ഇന്നു നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇവിടേക്കെത്തിയതായാണ്
റിപ്പോര്‍ട്ടുകള്‍. സമാധാന ശ്രമങ്ങള്‍ക്കിടയിലും യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത
24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും പറഞ്ഞു.