മരം മുറിക്കല്‍ വിവാദം; വനം വകുപ്പ് വീണ്ടും പ്രതികൂട്ടില്‍: കഴിഞ്ഞ വര്‍ഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകള്‍
മരം മുറിക്കല്‍ വിവാദം; വനം വകുപ്പ് വീണ്ടും പ്രതികൂട്ടില്‍:
കഴിഞ്ഞ വര്‍ഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകള്‍
കൊച്ചി: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകള്‍. തമിഴ്‌നാടിന് അനുമതി നല്‍കാന്‍ വനം സെക്രട്ടറിയും സമ്മര്‍ദം ചെലുത്തിയെന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്ത്.. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യ കത്ത്. ഈ കത്തില്‍ നടപടിയെടുക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വനം സെക്രട്ടറി വീണ്ടും കത്തുനല്‍കി.
2020 ഒക്ടോബര്‍ 19-നാണ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാനത്തെ ഉന്നതരായ നാല് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ കത്ത് നല്‍കുന്നത്. മുഖ്യ വനപാലകന്‍, ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ്റ് മോനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍, പെരിയാര്‍ കടുവ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആ ഭാഗത്ത മരങ്ങള്‍ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
എന്നാല്‍ ഈ കത്ത് അയച്ചതിന് ശേഷവും വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് നടപടി എടുക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞ ജൂലായില്‍ മറ്റൊരു കത്ത് കൂടി നല്‍കുകയായിരുന്നു. ഇതിനുശേഷമാണ് മരം മുറിക്ക് അനുമതി നല്‍കുന്ന തരത്തിലേക്കുള്ള നടപടിയെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായതെന്നാണ് സൂചന.