പുതിയ അണക്കെട്ട് വേണം; കേരളം സുപ്രീംകോടതിയില്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂള്‍ കാര്‍വ് പുന പരിശോധിക്കണം എന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നുമാണ് കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന് അപ്പുറം പുതിയ ഡാം നിര്‍മിക്കുകയാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്നറിയിച്ച കേരളം സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കയും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
2017 മുതല്‍ 2021 വരെ പെയ്ത മഴയുടെ അളവ് ഉള്‍പ്പെടെ വ്യക്തമാക്കി മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലം ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2017 മുതല്‍ പലപ്പോഴായി പെയ്ത അപ്രതീക്ഷിത മഴ മൂലം അണക്കെട്ടില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായതായി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചാണ് കേരളം വ്യക്തമാക്കിയത്. കേസില്‍ ശനിയാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.