ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാനിരിക്കെ, വന്‍ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. മറ്റന്നാള്‍ ഇന്ത്യയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ മാത്രം നീക്കമല്ലിതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിന് എതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കള്‍ കൂട്ട അറസ്റ്റ് വരിക്കും. പാര്‍ലമെന്റിലെ പ്രതിഷേധത്തിന് സിപിഐഎം ഒപ്പമുണ്ടാകും. എന്നാല്‍ കേരളത്തിലെ സിപിഎം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാല്‍ പറഞ്ഞു.