ഇന്ത്യയില്‍ എല്ലാ വിഭാഗം മതവിശ്വാസികള്‍ക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ കണ്ടെത്തലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ജനന നിരക്ക് സംബന്ധിച്ച് പലപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ ഔദ്യോഗിക സര്‍വേയിലെ കണക്കുകള്‍.
സര്‍വേയില്‍ കണ്ടെത്തിയ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെ:
രാജ്യത്തെ എല്ലാ മതങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുന്നു. ഏറ്റവും വലിയ കുറവ് മുസ്ലിംകളിലാണ്. 1992 ല്‍ രാജ്യത്തെ ഒരു മുസ്ലിം സ്ത്രീ ജീവിതകാലത്ത് ശരാശരി 4.41 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അത് 2.36 ആയി കുറഞ്ഞു. 46.5% കുറവ്. മുപ്പതു വര്‍ഷത്തില്‍ ശരാശരി പ്രസവങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് മുസ്ലിംകളിലാണ്.
തൊട്ടുപിന്നില്‍ ഹിന്ദുമത വിശ്വാസികളാണ്. 1992 ല്‍ രാജ്യത്ത് ഒരു ഹിന്ദു സ്ത്രീ ശരാശരി 3.3 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇപ്പോള്‍ അത് 1.94 ആയി കുറഞ്ഞു. മുപ്പതു വര്‍ഷത്തില്‍ 41.2% കുറവ്. ക്രിസ്തുമത വിശ്വാസികളുടെ കണക്കും സമാനമാണ്. 1992 ല്‍ ഇന്ത്യയിലെ ഒരു ക്രിസ്ത്യന്‍ സ്ത്രീ ശരാശരി 2.87 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇന്നത് 1.88 ആയി കുറഞ്ഞു.
മുപ്പതു വര്‍ഷത്തിനിടെ 34.5% കുറവ്. സിഖ് മത വിശ്വാസികള്‍ക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. മുപ്പതു വര്‍ഷത്തില്‍ 1.9 കുട്ടികളില്‍ നിന്ന് 1.61 കുട്ടികളായി കുറഞ്ഞു. ഒരു സ്ത്രീ ജീവിതകാലയളവില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് ഈ വിവരശേഖരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയത്. ഇതിനു മുന്‍പ് 2015-2016 ലാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ നടന്നത്.
ആ കണക്കുകളും ഇപ്പോഴത്തെ കണക്കുകളും വെച്ച് നോക്കിയാലും എല്ലാ വിഭാഗം വിശ്വാസികളിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. ആറു വര്‍ഷത്തിനിടെ മുസ്ലിംസ്ത്രീയുടെ ശരാശരി പ്രസവങ്ങളുടെ എണ്ണത്തില്‍ 9.9% കുറവുവന്നു. ഹിന്ദുസ്ത്രീകളില്‍ 8.9%, ക്രിസ്ത്യന്‍ സ്ത്രീകളില്‍ 5.5% എന്നിങ്ങനെയാണ് പ്രസവങ്ങളില്‍ കുറവ് വന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 707 ജില്ലകളില്‍ 6.37 ലക്ഷം കുടുംബങ്ങളില്‍ നടന്ന സമഗ്ര സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സര്‍വേയില്‍ പരിഗണിക്കപ്പെട്ടു.കുടുംബാസൂത്രണ സന്ദേശം ഇപ്പോഴും രാജ്യത്തെ എല്ലാ വിഭാഗം സ്ത്രീപുരുഷന്മാരിലും ഒരേപോലെ എത്തുന്നു വെന്നും അത് ഫലം കാണുന്നുണ്ടെന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചു ഏറെ ആശ്വാസകരമായ കണക്കുകള്‍ ആണിത്.
ജൈന, ബുദ്ധ തുടങ്ങി ജനസംഖ്യയില്‍ ഏറ്റവും പിന്നിലുള്ള മതവിഭാഗങ്ങളില്‍പ്പോലും ജനനനിരക്ക് കുറയുന്നത്. ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ പാഴ്സി ജനസംഖ്യയില്‍ അരനൂറ്റാണ്ടില്‍ 50% കുറവാണ് സംഭവിച്ചത്. വെറും 57,264 പാഴ്‌സികള്‍ മാത്രമാണ് ഇന്ന് രാജ്യത്തുള്ളത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ജനനനിരക്ക് ഇനിയും കുറയുമെന്നാണ് ജനസംഖ്യാ വിദഗ്ധര്‍ പറയുന്നത്.