മോന്‍സണ്‍ കേസില്‍ ഇടപെട്ടെന്ന ആരോപണം;
ചേര്‍ത്തല സിഐക്ക് സ്ഥലം മാറ്റം
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ചേര്‍ത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മോന്‍സണ്‍ കേസില്‍ ശ്രീകുമാറിന്റെ പേര് ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നടപടി.
മോന്‍സണ്‍ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തില്‍ പി. ശ്രീകുമാര്‍ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. കേസില്‍ മോന്‍സണ് അനുകൂലമായ ഇടപെടല്‍ ശ്രീകുമാര്‍ നടത്തിയതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.