പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍; എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കും; വിദ്യാഭ്യാസമന്ത്രി
പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകള്‍ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റുകളുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവ് ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റും.WGPA മാനദണ്ഡമാക്കിയാണ് അലോട്ട്‌മെന്റ്.അതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും ആവശ്യമെങ്കില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു .പാലക്കാട്, കോഴിക്കോട്, വയനാട്,മലപ്പുറം, കണ്ണൂര്‍ കാസര്‍കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചുവെന്നും മന്ത്രി.
വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ച നാലിന മാനദണ്ഡങ്ങള്‍:
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും
മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കാത്ത ജില്ലകളില്‍ 10 ശതമാനം സീറ്റ് കൂട്ടും
സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്റെ കണക്കെടുത്തതായും അന്‍പത് താലൂക്കുകളില്‍ സീറ്റ് കുറവ് അനുഭവപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് സീറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മുഴുവന്‍ എ പ്ലസ് കിട്ടിയതില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി പ്രവേശനം കിട്ടാനുള്ളതെന്നും അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.