പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറിയ യുവതിക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറിയ യുവതിക്കെതിരെ കേസ് എടുത്തു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസെടുത്തത്. യുവതിക്കെതിരെ പള്ളിയോട സേവാസംഘം നല്‍കിയ പരാതിയിലാണ് നടപടി. അചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നല്‍കിയിരുന്നു.
വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതെന്നും സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുമാണ് സേവാസംഘം പറയുന്നത്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. അതേസമയം നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതിയെന്നും ഇവര്‍ പറയുന്നു.