പിക്കാസോയുടെ 'ഫ്രഞ്ച് കാമുകി' വിറ്റുപോയത് 754 കോടി രൂപയ്ക്ക്
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ചിത്രക്കാരന്‍ പാബ്ലോ പിക്കാസോയുടെ ഓയില്‍ പെയിന്റ് റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റു. പിക്കാസോയുടെ 'മാരി-തെരേസ' എന്ന സൃഷ്ടിയാണ് പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി വിലയ്ക്ക് വിറ്റുപോയത്. 55 മില്യണ്‍ ഡോളര്‍ ആയിരുന്നു ചിത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് 103.4 മില്യണ്‍ (ഏകദേശം 754 കോടി രൂപ) ഡോളറിന് ചിത്രം വിറ്റുപോകുകയായിരുന്നു.
ബ്രിട്ടീഷ് ലേല കേന്ദ്രമായ ക്രിസ്റ്റീസ് ആണ് ലേലം സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു ലേലം. സ്പാനിഷ് ചിത്രക്കാരനായ പിക്കാസോയുടെ ഫ്രഞ്ച് കാമുകിയാണ് മാരി-തെരേസെ. 'ജാലകത്തിനരികില്‍ ഇരിക്കുന്ന സ്ത്രീ' എന്നാണ് പിക്കാസോ തന്റെ അഞ്ചാമത്തെ ചിത്രമായ മാരി തെരേസയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 2013 മുതല്‍ ലേലത്തില്‍ വയ്ക്കാന്‍ തുടങ്ങിയ ചിത്രം എട്ട് വര്‍ഷത്തിന് ശേഷമാണ് വിറ്റുപോകുന്നത്.
കാലിഫോര്‍ണിയയിലെ ഒരു ഓണ്‍ലൈന്‍ ബിഡ്ഡര്‍ ആണ് ചിത്രം വാങ്ങിയതെന്നും ക്രിസ്റ്റീസ് ലണ്ടനിലെ ഇംപ്രഷനിസ്റ്റ്, മോഡേണ്‍ ആര്‍ട്ട് വിഭാഗം മേധാവി കീത്ത് ഗില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയ ചിത്രം ലിയോനാര്‍ഡോ ഡാവിഞ്ചിയുടേതാണ്. 2015ല്‍ ക്രിസ്റ്റീസില്‍ നടന്ന ലേലത്തിലാണ് ഡാവിഞ്ചിയുടെ ചിത്രമായ സാല്‍വേറ്റര്‍ മുണ്ടി വിറ്റത്. 179.4 മില്യണ്‍ (13000 കോടി രൂപ) ഡോളറായിരുന്നു ചിത്രത്തിന് കിട്ടിയ തുക.
ഒരു കൊട്ട പൂക്കള്‍ പിടിച്ച് നഗ്‌നയായ നില്‍ക്കുന്ന പെണ്‍കുട്ടിയെ പ്രതിനിധീകരിക്കുന്ന പിക്കാസോയുടെ ചിത്രം 106.5 മില്യണ്‍ ഡോളറിനാണ് വിറ്റത്. 2018 ലെ ലേലത്തില്‍ അന്തരിച്ച യുഎസ് ബാങ്കര്‍ ഡേവിഡ് റോക്ക്‌ഫെല്ലറും ഭാര്യ പെഗിയുമാണ് പെയിന്റിങ് വാങ്ങിയത്. 1905ല്‍ പിക്കാസോ വരച്ച റോസ് പിരീഡ് എന്ന പെയിന്റിങും ലേലത്തില്‍ വച്ചിരുന്നു. ന്യൂയോര്‍ക്കില്‍ 2004ല്‍ നടന്ന ലേലത്തില്‍ 104.2 മില്യണ്‍ ഡോളറിനാണ് പിക്കാസോയുടെ പെയിന്റിങ് മാന്‍ഹട്ടന്റെ വിറ്റ്‌നി മ്യൂസിയം സ്വന്തമാക്കിയത്.