ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഒരാനുകൂല്യവും
നഷ്ടമാകില്ലെന്ന് എ.വിജയരാഘവന്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്നും ഒരു ആനുകൂല്യവും ആര്‍ക്കും നഷ്ടമാകില്ലെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സര്‍ക്കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് ജനാധിപത്യപരമായ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. ആരും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കരുത്. പ്രശ്‌നത്തെ വഴിതിരിച്ചു വിടുകയുമരുത്.
യുഡിഎഫിനകത്ത് മുസ്ലിംലീഗാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് ലീഗ് ഇപ്പോള്‍ ചെയ്യേണ്ടത്. കുഞ്ഞാലിക്കുട്ടിക്ക് എന്ത് അഭിപ്രായവും ആഗ്രഹവും പ്രകടിപ്പിക്കാം. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ട്. ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം അഭിപ്രായങ്ങളെ ജനങ്ങള്‍ നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.