കോഴിക്കോട്: യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. യുദ്ധവും അക്രമവും കാരണം തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. 25 വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വര്‍ഷാഘോഷങ്ങള്‍ക്കും തുടക്കമായി. ഈ കാലയളവില്‍ 3.22 കോടി തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ലോകസമാധാനത്തിനായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രത്തനെ സ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വാസികള്‍. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് നടക്കുന്നത്. ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ദേവാലയങ്ങളില്‍ തിരുപ്പിറവി ശ്രുശ്രൂഷകള്‍ നടന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ പ്രാര്‍ത്ഥനയില്‍ അലിഞ്ഞു. പാലക്കാട് പുല്‍ക്കൂട് തകര്‍ത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ.നെറ്റോ വിമര്‍ശിച്ചു. വന നിയമഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവര്‍ത്തിച്ചു. തൃശ്ശൂര്‍ പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സിറോ മലബാര്‍ സഭ മേജര് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.
തിരുവനന്തപുരം പാളയം സെന്റ്. ജോസഫ് കത്തീഡ്രലില്‍ ലത്തീന് അതിരൂപതാ ആര്‍ച്ച് ബിഷ്പ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോട്ടയം പഴസ സെമിനാരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരാമധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന. കൊച്ചി കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ!!്രലില്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര മെത്രാപ്പൊലീത്തയും നിയുക്ത സഭാധ്യക്ഷനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികനായി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കാത്തോലിക്കാ സഭ മേജര് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വം. കോഴിക്കോട് താമരശ്ശേരിയില്‍ മേരി മാതാ കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തിലായിരുന്നു തിരുപ്പിറവി ശുശ്രൂഷ.