ഒമിക്രോണ്‍: ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍  സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം


ദില്ലി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഇന്ത്യയും. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ ശക്തിപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വീടുകള്‍തോറുമുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 

അതേസമയം, കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിച്ച മുന്‍കരുതല്‍ യോഗം വിശദമായി പരിശോധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാനാണ് തീരുമാനം.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റൈനിലും കഴിയണം.

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. സാമൂഹിക അകലം പാലിക്കലും, സാനിറ്റൈസര്‍, മാസ്‌ക്, ഉപയോഗവും കാര്യക്ഷമമാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ അവലോകന യോഗം പരിശോധിക്കും.

സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം വരെ ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിലും തീരുമാനമുണ്ടായേക്കും. മരക്കാര്‍ റിലീസിന് മുമ്പ് തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന സിനിമ സംഘടനകളുടെ ആവശ്യവും യോഗം പരിഗണിക്കാനാണ് സാധ്യത.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media