കേരളത്തിൽ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ ആരംഭിക്കാൻ ഒരുങ്ങി സ്‌പൈസ് ഹെൽത്ത് .
കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സ്‌പൈസ്‌ഹെല്‍ത്തുമായി സഹകരിച്ച് RTPCR ടെസ്റ്റുകള്‍ നടത്തുന്നതിനായി കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ ആരംഭിക്കുന്നു. സ്‌പൈസ്‌ഹെല്‍ത്ത് മൊബൈല്‍ ടെസ്റ്റിങ് ലാബ് ആരംഭിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം (ഹരിയാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്കു ശേഷം). ടെസ്റ്റിങ്ങിനുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്, കാലിബ്രേഷന്‍ ലാബോറട്ടറീസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച് എന്നിവയുടെ അംഗീകാരമുള്ളതാണ് ഈ ലാബുകള്‍. ഓരോ ലാബിലും ദിവസവും 3000 ടെസ്റ്റുകള്‍ നടത്തുന്നു.
മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കുന്നതോടെ കേരളത്തിലെ ടെസ്റ്റിങ് നിരക്ക് വര്‍ധിപ്പിക്കാനാകുമെന്നും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ രോഗികളെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്ത് ചികില്‍സിക്കാനും സഹായിക്കുന്നതില്‍ ടെസ്റ്റിങിന് വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നതായും സ്‌പൈസ്‌ഹെല്‍ത്ത് സിഇഒ അവാനി സിങ് പറഞ്ഞു. ഇന്ത്യയില്‍ കോവിഡ്-19 ഏറ്റവും ഉയര്‍ന്നു നിന്നിരുന്ന 2020 നവംബറില്‍ സ്‌പൈസ് ജെറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആരോഗ്യ സംരക്ഷണ കമ്പനിയായ സ്‌പൈസ്‌ഹെല്‍ത്ത് മൊബൈല്‍ ലാബുകളിലൂടെ 499 രൂപയ്ക്ക് ടെസ്റ്റുകള്‍ നടത്തിയിരുന്നു. അന്ന് ഡല്‍ഹിയില്‍ ടെസ്റ്റിങ് നിരക്ക് 2400 രൂപയായിരുന്നു. നിലവിലുണ്ടായിരുന്ന 24-48 മണിക്കൂറിന് പകരം ആറു മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കി മറ്റൊരു നാഴികക്കല്ലു കുറിച്ചു. മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും സ്‌പൈസ്‌ഹെല്‍ത്താണ്. ആശുപത്രി സൗകര്യങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലും അതുവഴി എത്തിച്ചേരാനായി. നേരത്തെ, സ്‌പൈസ്‌ഹെല്‍ത്ത് ഒതുക്കമുള്ള, പോര്‍ട്ടബിള്‍, പാര്‍ശ്വഫലങ്ങളില്ലാത്ത സ്‌പൈസ്ഓക്‌സി എന്ന വെന്റിലേഷന്‍ ഉപകരണം അവതരിപ്പിച്ചിരുന്നു. ശ്വാസ തടസമുള്ള രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാണ്.