റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ (ഏതാണ്ട് 20 ലക്ഷം രൂപ) പിഴയോ അല്ലെങ്കില്‍ രണ്ടുവര്‍ഷം തടവുശിക്ഷയോ ലഭിക്കും. കൊവിഡ് രോഗം ബാധിച്ചവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആയിട്ടുള്ളവര്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാലാണ് ഈ പിഴയും തടവുശിക്ഷയും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. നിയമലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ച് പിഴ ഇരട്ടിയാകും. വിദേശികളാണെങ്കില്‍ അവരെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു. നിലവില്‍ വാക്സിന് ഡോസുകള്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഏഴു ദിവസം കഴിഞ്ഞും വാക്സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കും. ഈ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് കൊവിഡ് പരിശോധന നടത്തേണ്ടതില്ല. ഈ കാലയളവ് കഴിഞ്ഞാല്‍ ഇവരുടെ തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ ആയതായി രേഖപ്പെടുത്തും. നേരത്തെ ഇത് എല്ലാവര്‍ക്കും 14 ദിവസങ്ങളായാണ് നിശ്ചയിച്ചിരുന്നത്.