ഐടി പാര്‍ക്കുകളില്‍ ഇനി വൈന്‍ പാര്‍ലറുകളും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിലച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകള്‍ ചെലവഴിക്കാനുള്ള ഒരേയൊരുപാധി. ''യുവതയാണല്ലോ വിവിധ ഐടി പാര്‍ക്കുകളില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാര്‍ക്കുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികള്‍ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവര്‍ക്ക് പോകാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് പറയുന്നത്. കൊവിഡ് മൂലമാണ് തുടര്‍നടപടികള്‍ ഇല്ലാതിരുന്നത്. അതിനി ഉണ്ടാകും. കൂടുതല്‍ നടപടികള്‍ ആലോചിക്കാം.'', മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഐടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലായിരുന്നു ചോദ്യോത്തരവേളയിലെ പ്രധാന ഊന്നല്‍. അതിലാണ് ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തേ നിസ്സാന്‍ കമ്പനി കേരളത്തിലെത്തിയപ്പോള്‍ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ അടക്കം വേണമെന്നായിരുന്നു ആവശ്യം. നിസ്സാന്‍ കമ്പനിയും വിനോദോപാധികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്‌കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധി ഇതിനിടെ വന്നത് മൂലം ആ നീക്കം വഴിമുട്ടി. നിലവില്‍ ഐടി പാര്‍ക്കുകള്‍ പലതും തുറന്ന് വരുന്ന സ്ഥിതിയില്‍, വീണ്ടും ഇത്തരം നീക്കങ്ങള്‍ സജീവമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതോടൊപ്പം സംസ്ഥാനത്തെ ഓരോ ഐടി പാര്‍ക്കുകള്‍ക്കും ഓരോ സിഇഒമാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ മൂന്ന് ഐടി പാര്‍ക്കിനും കൂടി ഒരു സിഇഒ ആണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനും കൊച്ചി ഇന്‍ഫോ പാര്‍ക്കിനും കോഴിക്കോട് സൈബര്‍ പാര്‍ക്കിനും ഓരോ സിഇഒ ഇനി മുതല്‍ ഉണ്ടാകും.