കോവിഡ് മൂന്നാം തരംഗം; ഡല്‍ഹി ഓട്ടോ എക്‌സ്‌പോ നീട്ടിവെച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ നീട്ടി വെച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചു. കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2022 ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് എക്‌സ്‌പോ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് എക്‌സ്‌പോ. അതിനാല്‍തന്നെ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ഇത് പരിഗണിച്ചാണ് എക്‌സ്‌പോ മാറ്റിവെക്കുന്നതെന്നുമാണ് വിവരം. വാഹന നിര്‍മാണ കമ്പനികളും തീരുമാനത്തിന് പിന്തുണ നല്‍കിയേക്കും. വാഹന മേഖലയിലെ ഏറ്റവും വലിയ കൂട്ടായ്മയായാണ് ഓട്ടോ എക്‌സ്‌പോയെ കണക്കാക്കുന്നത്.
2020 ഫെബ്രുവരിയിലാണ് കഴിഞ്ഞ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചത്. ഇതിന് മുമ്പ് തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ തന്നെ എക്‌സ്‌പോ മാറ്റി വെക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാതിരുന്നതിനാല്‍ പ്രദര്‍ശനം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.