ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍
 


കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ അഞ്ചാമത് സീസണ്‍ ഡിസംബര്‍ 26, 27, 28 തിയതികളില്‍ വിവിധ വേദികളിലായി നടക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 26ന് പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവണ്‍മെന്റ് എ.യു.പി സ്‌കൂള്‍, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ അരങ്ങേറുക. കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്‍കുകയും മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ ലക്ഷ്യം.  വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. ഇന്ന്  ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായി ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മാറിയിട്ടുണ്ട്.ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബര്‍ 25 മുതല്‍ 29 വരെയാണ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം 26-ന് വൈകുന്നേരം നടക്കും.

മെഗാ ഇവന്റുകള്‍ക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും കലാപരിപാടികളാണ് ഇത്തവണ അരങ്ങേറുക. വയോജനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങള്‍ക്ക് ഫെസ്റ്റ് വേദിയാകും.ഡിസംബര്‍ 25-ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിള്‍ റാലിയും 28-ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളില്‍ വൈകിട്ട് വിവിധ വേദികളിലായി ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.  

ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷമായ കൈറ്റ് ഫെസ്റ്റിവലില്‍ ഇത്തവ അഞ്ചോളം രാജ്യങ്ങളില്‍ നിന്നും 15 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കൈറ്റ് ടീമുകള്‍ മാറ്റുരക്കും. കൈറ്റ് ചാമ്പ്യന്‍ഷിപ്പ്്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 22, 23, 24 തീയതികളില്‍ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്‌സ് ഡെമോണ്‍സ്‌ട്രേഷന്‍ കയാക്കിങ്, സെയിലിങ്, സര്‍ഫിങ്, സ്റ്റാന്‍ഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്‌ളൈ ബോര്‍ഡ്, ഡിങ്കി ബോട്ട് റേസ്, കണ്‍ട്രി ബോട്ട് റേസ്, മലബാറില്‍ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും.  

 റെസിഡന്‍സ് കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാള്‍ജിക് ഡാന്‍സ്, ഒപ്പന, തിരുവാതിരകളി, കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ പരിപാടികള്‍, ഭിന്നശേഷി കുട്ടികള്‍, മ്യൂസിക് സ്‌കൂളുകള്‍, വയോജനങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍, പ്രാദേശിക നാടകങ്ങള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.

വിനോദ സഞ്ചാര വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്,.ഫെസ്റ്റ് സംഘാടക സമിതി കണ്‍വീനര്‍ ടി.രാധാഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ദാസ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media