വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം യുഎന്നിലെ 3 ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാകിസ്ഥാന്‍ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി ജെഡി വാന്‍സിനെ അറിയിച്ചു.
ഭീകര വിരുദ്ധ സമിതിയുടെ സഹ അദ്ധ്യക്ഷ സ്ഥാനം അടക്കം പാകിസ്ഥാന് കിട്ടിയതിലാണ് ഇന്ത്യ അമര്‍ഷം രേഖപ്പെടുത്തിയത്. സുരക്ഷ സമിതി അംഗരാജ്യങ്ങളെയും ഇന്ത്യ ആശങ്ക അറിയിക്കും. ഭീകരവാദത്തിനെതിരെ സഹകരിക്കുമെന്ന് ജെഡി വാന്‍സ് വ്യക്തമാക്കിയതായി ശശി തരൂര്‍ എംപി പറഞ്ഞു. പാകിസ്ഥാനുമായുള്ള പ്രശ്‌നപരിഹാരത്തിന് യുഎസ് മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് ജെഡി വാന്‍സിനെ അറിയിച്ചിട്ടുണ്ട്. ഭീകരതയേയും ഇരകളെയും ഒരു പോലെ കാണാനാകില്ലെന്ന് അറിയിച്ചെന്നും, ജെഡി വാന്‍സിന് ഇന്ത്യയുടെ കാഴ്ചപാട് മനസ്സിലായെന്നും തരൂര്‍ പറഞ്ഞു.