കോഴിക്കോട്: വാഴയിലയില്‍ നിരന്നിരിക്കുന്ന വിഭവങ്ങളടങ്ങിയ സദ്യ. അവ ആസ്വാദ്യമായൊന്നു കഴിക്കണമെന്നത് മറിയയുടെ കുഞ്ഞു നാളിലെ ആഗ്രഹമാണ്. അങ്ങ് കാശ്മീരിലെ കോത്തിബാഗിലിരുന്ന് ഇങ്ങ് കേരളത്തിലെ സദ്യയെ ആശിച്ച് കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം 30 കഴിഞ്ഞു. ഇന്ന് കോഴിക്കോടിന്റെ മണ്ണില്‍ അതിന് സഫലീകരണമായി. കോഴിക്കോട് ബീച്ചിലെ ഹോട്ടിലിലിരുന്ന് മറിയം സദ്യയുണ്ടു. വയറും മനസും നിറയെ
കാശ്മീരിലെ കോത്തിബാഗ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് മറിയ. നടക്കാവ് സ്‌കൂളിലെ പ്രിസം പദ്ധതിക്ക് 16 കോടി നല്‍കി കൈത്താങ്ങായ ഫൈസല്‍ & ഷബാന ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് മറിയമുള്‍പ്പെടെ കോത്തിബാഗ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപികമാരും 10 വിദ്യാര്‍ത്ഥികളും കോഴിക്കോട്ടെത്തിയത്. കോത്തിബാഗ് സ്‌കൂളിനെ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ 20 കോടി ചിലവഴിച്ച് പ്രിസം മാതൃകയിലേക്കുയര്‍ത്തുകയാണ്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഈ മാസം 27നാണ്. അതിനാല്‍ പ്രിസം പദ്ധിതിക്ക് തുടക്കം കുറിച്ച നടക്കാവ് സ്‌കൂള്‍ കാണാനും കോഴിക്കോടിന്റെ പൈതൃകം തൊട്ടറിയാനും അവര്‍ എത്തുകയായിരുന്നു.
13ന് കോഴിക്കോട്ടെത്തിയ സംഘത്തിന് പത്തലും കോഴിക്കറിയുമാണ് അത്താഴത്തിന് നല്‍കിയത്. അപ്പോളാണ് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്റ് പ്രൊജക്ട് മാനേജര്‍ റോഷന്‍ ജോണിനോട് മറിയം സദ്യ കഴിക്കാനുള്ള തന്റെ ഏറെ നാളത്തെ ആഗ്രഹം പറഞ്ഞത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു മാഗസിനില്‍ ചിത്രവും വാര്‍ത്തയും കണ്ടതാണ് മറിയം. അന്നു തൊട്ടുണ്ട് സദ്യയോടുള്ള കൊതി. മറിയ ആഗ്രഹം പ്രകടിപ്പിച്ചതോടെ സംഘത്തിലെ 13 പേര്‍ക്കും സദ്യ ഏര്‍പ്പാടാക്കുകയായിരുന്നു റോഷന്‍ ജോണ്‍. അത്താഴത്തിന് അപ്പം - മാങ്ങയിട്ട മീന്‍കറി, കുറ്റിച്ചിറ, തലശേരി വിഭവങ്ങള്‍ എന്നിവയും സംഘത്തിന് വിളമ്പി. കോഴിക്കോടിന്റെ രുചിയും ആതിഥി സത്ക്കാരവും ആവോളം മനസില്‍ നിറച്ചാണ് അവര്‍ കാശ്മീരിലേക്ക് മടങ്ങിയത്.