ഇഡി റെയ്ഡില്‍ മൗനവ്രതവുമായി മുഖ്യമന്ത്രി
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയില്‍ മാത്രം ഒതുങ്ങില്ലെന്ന് ഇഡി വൃത്തങ്ങള്‍. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നും ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സിഎംആര്‍എല്ലിലെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ നിരീക്ഷണത്തിലാണ്. പണം എവിടെയൊക്കെ പോയി എന്നുള്ള ശക്തമായ അന്വേഷണത്തിലാണ് ഇഡി. വീണയ്ക്കും എക്‌സാലോജിക്കിനും പുറമെ പണം കൈപ്പറ്റിയ മറ്റു പ്രമുഖരിലേക്കും അന്വേഷണം നീളും.
പിണറായിയുടെ വീട്ടിലുള്‍പ്പെടെ നടന്ന റെയ്ഡ് ഒരു തുടക്കം മാത്രമാണ് എന്നതാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം ഉണ്ടാകും. സിഎംആര്‍എല്‍ വഴി 132 കോടി രൂപയുടെ വ്യാജ ചെലവുകളും 182 കോടിയോളം രൂപയുടെ സാങ്കല്‍പ്പിക ഇടപാടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.
സിഎംആറുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധനയിലേക്ക് എത്തുമ്പോള്‍ ആര്‍ക്കൊക്കെ പണം പോയി എന്ന അടക്കമുള്ള കാര്യങ്ങളും വിശദമായിട്ടുള്ള അന്വേഷണത്തിലേക്ക് വരുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എക്‌സാലോജിക്കിന് പണം നല്‍കിയതിനു സമാനമായി മറ്റു പലരിലേക്കും പണം പോയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് ആര്‍ക്കൊക്കെ പോയി എന്തിനൊക്കെ പോയി എന്ന തലത്തിലേക്ക് അന്വേഷണം വരുമ്പോള്‍ പലര്‍ക്കും വിയര്‍ക്കേണ്ടിവരും. വരും നാളുകളില്‍ രാഷ്ട്രീയ കേരളത്തില്‍ ലവലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയേക്കാം.