മോഡലിന്റെ മുടി തെറ്റായി വെട്ടി; നഷ്ടപരിഹാരമായി രണ്ട് കോടി രൂപ ചുമത്തി
ഡല്‍ഹി: ദില്ലി സ്വദേശിനിയായ ഒരു മോഡല്‍, തന്റെ മുടി തെറ്റായി വെട്ടിയതിന് ദില്ലിയില്‍ തന്നെയുള്ള ഒരു സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സലൂണിനെതിരെ കേസ് നടത്തി വിജയിച്ചിരിക്കുകയാണിപ്പോള്‍. മുടി തെറ്റായ രീതിയില്‍ വെട്ടിയതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) സലൂണിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
'പാന്റീന്‍', 'വിഎല്‍സിസി' തുടങ്ങിയ ബ്രാന്‍ഡുകളുടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ മോഡലായിരുന്നു പെണ്‍കുട്ടി എന്നാണ് എന്‍സിഡിആര്‍സി വ്യക്തമാക്കുന്നത്.
വരാനിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു പെണ്‍കുട്ടി മുടി മുറിക്കാന്‍ സലൂണിലെത്തിയത്.
എന്താണ് മുടിയില്‍ ചെയ്യേണ്ടതെന്ന് താന്‍ പല തവണ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നുവെന്നും എന്നിട്ടും തന്റെ നീളമുള്ള മുടി അങ്ങനെ തന്നെ വെട്ടിക്കളയുകയായിരുന്നു അയാളെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചിരുന്നത്.
മുടി വെട്ടിയത് പ്രശ്നമായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ സലൂണിന്റെ മാനേജരോട് ഇക്കാര്യം ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം വളരെ മോശമായി തന്നോട് പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ഹെയര്‍സ്‌റ്റൈല്‍ പ്രശ്നത്തിലായതിനെ തുടര്‍ന്ന് പ്രോജക്ട് കയ്യില്‍ നിന്ന് നഷ്ടമായെന്നും മോഡല്‍ എന്ന നിലയില്‍ കരിയറില്‍ വലിയ തിരിച്ചടിയായെന്നും പെണ്‍കുട്ടി വാദിച്ചു.
ഇതുണ്ടാക്കിയ മാനസികാഘാതം പിന്നീട് ജോലി നഷ്ടമാകുന്നതിലേക്ക് വരെയെത്തിച്ചു.
ഇതിനെല്ലാം കൂടിയുള്ള നഷ്ടപരിഹാരമായിട്ടാണ് ഇപ്പോള്‍ രണ്ട് കോടി രൂപ നല്‍കാന്‍ സലൂണിനോട് എന്‍സിഡിആര്‍സി നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും സത്യമല്ലെന്നും സലൂണിന്റെ പേര് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പെണ്‍കുട്ടി നടത്തുന്നത് എന്നുമാണ് ഹോട്ടല്‍ ശൃംഖലയുടെ പ്രതികരണം.